പറ്റ്ന: ബിഹാറിലെ മുസഫര്‍പൂരിലെ നൂര്‍ ചപ്രയില്‍ മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് മരിച്ച നാലുവയസ്സുകാരി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.

നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മകൾ ഭക്ഷണം കഴിക്കാറുണ്ടെന്നായിരുന്നു ദമ്പതികളുടെ പ്രതികരണം.

രാത്രിയിൽ ഭക്ഷണം കഴിച്ചാണ് മകൾ കിടന്നത്. പിറ്റേന്ന് രാവിലെ പനി കൂടിയതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിയില്‍വച്ച് ആരോഗ്യ നില വഷളായി. അടുത്ത ദിവസം മകള്‍ മരിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. പനി കൂടാതെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായിരുന്നതായി കുട്ടിയുടെ അമ്മ റാണി ദേവി പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്നതായും പനി വന്നതിന് ശേഷം മകള്‍ സംസാരിച്ചിട്ടില്ലെന്നും റാണി കൂട്ടിച്ചേർത്തു.

അതേസമയം, മകളുടെ മരണ കാരണം ലിച്ചിപ്പഴമല്ലെന്ന് രക്ഷിതാക്കൾ ഉറപ്പിച്ച് പറയുന്നു. മകള്‍ ലിച്ചി കഴിച്ചിട്ടില്ലെന്നും അതിനാൽ മരണകാരണം ലിച്ചിപ്പഴമല്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. പോഷകാഹാരക്കുറവും പട്ടിണിയുമായിരിക്കാം രോ​ഗകാരണമെന്നും റിപ്പോർട്ടുകളുണ്ട്.