വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളയുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നു. 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. പുലർച്ചെ നാലരയോടെയാണ് ഷോപ്പിയാനിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞത്. തുടർന്ന് വീടിനകത്തു നിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടാവുകയായിരുന്നു. 

സ്ഥലത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാൻ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. ഇവിടെ രണ്ടോ മൂന്നോ ഭീകരർ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം. 

Scroll to load tweet…

ഇന്നലെ ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവുമാണ് ഉണ്ടായത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 

സോപോറിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു. വ്യാഴാഴ്‍ച രാവിലെ ഒൻപത് മണിയോടെയാണ് സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.