ദില്ലി: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

ഹന്ദ്വാരയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ രം​ഗത്തെത്തിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടുക എന്ന അജണ്ട മാത്രമാണ് പാകിസ്ഥാന് ഇപ്പോഴും ഉള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്പര്യം എന്നും കരസേനാ മേധാവി പറഞ്ഞു. 

ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

ഹന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന കഴിഞ്ഞ ദിവസം സൈന്യത്തിന് ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടായത്. ഉടൻ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച  21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണ്.