Asianet News MalayalamAsianet News Malayalam

തെലങ്കാന ബലാത്സംഗം: പ്രതികളുടെ ഏറ്റുമുട്ടൽ കൊലയിൽ അന്വേഷണം തേടി ഹർജി

ഏറ്റുമുട്ടൽ നടന്നതെങ്ങനെ? യഥാർത്ഥത്തിൽ പ്രതികൾ തോക്ക് തട്ടിപ്പറിച്ച് ഓടിയതാണോ? അതോ പൊലീസ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണോ? എന്നതെല്ലാം അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.

encounter killing of telengana rape case accused plea in supreme court seeking enquiry
Author
New Delhi, First Published Dec 7, 2019, 11:58 AM IST

ദില്ലി: തെലങ്കാനയിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത നാല് പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഏറ്റുമുട്ടൽ നടന്നതെങ്ങനെ എന്നതിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി. 

ഏറ്റുമുട്ടൽ നടന്നതെങ്ങനെ? യഥാർത്ഥത്തിൽ പ്രതികൾ തോക്ക് തട്ടിപ്പറിച്ച് ഓടിയതാണോ? അതോ പൊലീസ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണോ? എന്നതെല്ലാം അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് പൊതുതാത്പര്യ ഹർജിയിലെ പ്രധാന ആവശ്യം. 

അതേസമയം, ഏറ്റുമുട്ടൽ കൊലപാതകം നടന്നയിടത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അംഗങ്ങളെത്തി തെളിവെടുപ്പ് നടത്തുകയാണിപ്പോൾ. കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

ഏറ്റുമുട്ടൽ കൊലപാതകക്കേസ് ഇന്നലെ സ്വമേധയാ പരിഗണിച്ച തെലങ്കാന ഹൈക്കോടതിയുടെ രണ്ടംഗബഞ്ച് കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്കരിക്കരുതെന്നും, നാല് പേരുടെയും ഓട്ടോപ്സി വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു.

അടുത്ത തിങ്കളാഴ്ച വൈകിട്ട് എട്ട് മണി വരെ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്നാണ് ഉത്തരവ്. ഇതിനിടെ അടിയന്തരമായി കേസിൽ പ്രാഥമികവാദം കോടതി കേൾക്കും.

മുപ്പത് വയസ്സിന് താഴെയുള്ളവരാണ് കേസിലെ പ്രതികളെല്ലാം. പുലർച്ചെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പരസ്പരമുണ്ടായ വെടിവെപ്പിനിടെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വാദം. ഇതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നും സൈബരാബാദ് കമ്മീഷണർ വി സി സജ്ജനാർ പറഞ്ഞു.

എന്നാലിത് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും മറയ്ക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന വ്യാപകമായ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ രണ്ടംഗബഞ്ച്, കേസ് കേൾക്കാൻ തീരുമാനിച്ചത്.

ഇന്ന് നാല് പ്രതികളുടെയും ഓട്ടോപ്സി നടത്തുമ്പോൾ അത് വീഡിയോ ആയി ചിത്രീകരിക്കണമെന്നും, ഇന്ന് വൈകിട്ടോടെ തന്നെ ഇത് കോടതിയുടെ റജിസ്ട്രിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

തിങ്കളാഴ്ച രാവിലെ 10.30യ്ക്കാണ് കേസ് വാദം കേൾക്കുക. നവംബർ 27-നാണ് ഹൈദരാബാദ് സ്വദേശിനിയായ വെറ്ററിനറി ഡോക്ടർ സ്കൂട്ടർ നിർത്തിയത് അക്രമി സംഘം കാണുന്നത്. ഇവരുടെ സ്കൂട്ടറിന്‍റെ ടയർ ആസൂത്രണം ചെയ്ത് കേടാക്കിയ സംഘം സഹായിക്കാമെന്ന വാഗ്ദാനം ചെയ്ത് അടുത്തുകൂടി. പിന്നീട് വലിച്ചിഴച്ച് ആളില്ലാത്ത ഇടത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഇടയ്ക്ക് ബോധരഹിതയായ യുവതി ബോധം വന്നപ്പോൾ അലറിക്കരഞ്ഞു. അപ്പോഴാണ് അവരുടെ വായ് പൊത്തിപ്പിടിച്ചതും അവർ മരിച്ചതും. ഇതെല്ലാം നടന്നത് ടോൾ പ്ലാസയുടെ അടുത്ത് ദേശീയപാതയിലാണ്. എന്നിട്ടും ഈ വഴി പൊലീസ് പട്രോളിംഗ് ഉണ്ടായില്ല, അല്ലെങ്കിൽ ആ വഴി പോയ പൊലീസ് ഇത് കണ്ടില്ല. മാത്രമല്ല, യുവതി ചിലരുടെ പെരുമാറ്റത്തിൽ പന്തികേടുണ്ടെന്ന് പറഞ്ഞത് കേട്ട് പെട്ടെന്ന് തന്നെ പൊലീസിൽ പരാതി നൽകാനെത്തിയ സഹോദരിയുടെ പരാതി അധികാരപരിധി ഏതാണെന്ന് തർക്കിച്ച് സമയം കളയുകയും ചെയ്തു. 

പെൺകുട്ടിയെ കത്തിക്കരിഞ്ഞ നിലയിൽ പിറ്റേന്ന് കണ്ടെത്തിയപ്പോഴാണ് പിന്നീട് പൊലീസ് കേസിൽ ഇടപെട്ടത്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുൺട ചെന്നകേശവലു (20) എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും ലോറിത്തൊഴിലാളികളാണ്.  

Follow Us:
Download App:
  • android
  • ios