ദില്ലി: ഹവാല ഇടപാട് കേസിൽ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസവും ദില്ലിയിലെ ഇഡി ആസ്ഥാനത്തു വിളിച്ചുവരുത്തി ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ഭയം ഇല്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. 

കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

ശിവകുമാറിന്‍റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ദില്ലി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ബിജെപിയുടെ വേട്ടയാടലിന്‍റെ ഭാഗമാണ് ചോദ്യം ചെയ്യലെന്നും ശിവകുമാര്‍ ആരോപിച്ചിരുന്നു.

അതേസമയം,സലഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പരിരക്ഷ തേടി ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കേടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.