ചെന്നൈ: നടൻ വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടു. 

ബിഗിൽ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിൻ്റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ നടൻ്റെ ഉടമസ്ഥതയിൽ വാങ്ങിയ ഭൂമിയിടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകളുണ്ടോ എന്നുമാണ് ഇപ്പോൾ പരിശോധിക്കുന്നത്. 

ബിഗിൽ സിനിമയുടെ ഫിനാൻഷ്യർ അൻപു ചെഴിയനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. മാസ്റ്ററിൻ്റെ നിർമ്മാതാക്കളിലൊരാളായ ലളിത് കുമാറിൻ്റെ വസതിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ലളിത് കുമാറുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകൾ വ്യാഴാഴ്ച പനയൂരിലെ വിജയിയുടെ വസതിയിൽ നിന്ന് പരിശോധനയ്ക്കായി പിടിച്ചെടുത്തു. 

ഇതല്ലാതെ വിജയിയുടെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണമോ സ്വർണമോ കണ്ടെത്തിയിട്ടില്ല. പ്രതിഫലതുകയുടെ കാര്യത്തിൽ നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ നടന് എതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ആദായ നികുതി വകുപ്പ്.