ചെന്നൈ: പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേന്ദ്രസർക്കാർ നയത്തിൻ്റെ ഭാഗമാണിത്. ഇതിൻ്റെ തുടർച്ചയാണ് സിഐഎസ്എഫിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കനിമൊഴിയുടെ പരാതിയിൽ സിഐ എസ് എഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭാഷ അടിച്ചേൽപിക്കുന്ന രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്ന് കനിമൊഴി പറഞ്ഞു. തൻ്റേത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന ബിജെപിയുടെ നിലപാട് വില കുറഞ്ഞതാണ്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയമോ ത്രിഭാഷാ പദ്ധതിയോ ഡിഎംകെ അംഗീകരിക്കില്ല. തുടർ നിലപാടും അതു തന്നെ ആയിരിക്കുമെന്നും കനിമൊഴി പറഞ്ഞു.

 

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും വിമാനത്താവളത്തിലെ സിഐഎസ്എഫ് ജീവനക്കാരിയോട് ആവശ്യപ്പെട്ട കനിമൊഴിക്ക് തിരികെ ലഭിച്ച ചോദ്യം 'ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ' എന്നായിരുന്നു. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്ന് ട്വിറ്ററിലൂടെ അനുഭവം വിവരിച്ച് കനിമൊഴി ചോദിച്ചിരുന്നു. 

#hindiimpositiont എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പേരുമാറ്റത്തെ വിമര്‍ശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓര്‍മ്മിപ്പിച്ചും നിരവധി പേരാണ് ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
 

Read Also: ഹിന്ദി അറിയാത്തവര്‍ ഇന്ത്യക്കാരല്ലേ! കനിമൊഴിയുടെ ചോദ്യം ഏറ്റെടുത്ത് ട്വിറ്റര്‍...