ദില്ലി: 28 അംഗ യൂറോപ്യന്‍ പാര്‍ലമെന്‍ററി പാനല്‍ ചൊവ്വാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അജിത് ഡോവല്‍ എന്നിവര്‍ പാര്‍ലമെന്‍ററി പാനലിലെ യൂറോപ്യന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ കശ്മീരിലേക്ക് സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 

ജമ്മു കശ്മീരില്‍ ഭീകരവാദത്തോട് സഹിഷ്ണുത കാണിക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളോട് പ്രധാനമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിന്‍റെ സംസ്കാരവും പൈതൃകവും യൂറോപ്യന്‍ എംപിമാര്‍ക്ക് മനസ്സിലാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍റെ പേരുപറയാതെ, ഒരു രാജ്യം ജമ്മു കശ്മീരില്‍ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഇപ്പോഴും പൂര്‍ണമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് ജനങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായും പൊതുപ്രവര്‍ത്തകരുമായും ഡോക്ടര്‍മാരുമായും സംവദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീരിനും ലോകത്തിനുമിടയിലെ ഇരുമ്പുമറ നീക്കേണ്ടത് ആവശ്യമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ജമ്മു കശ്മീരിലെ പല പ്രദേശത്തും ഇപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.