ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മേക്കപ്പ് ചെയ്യുമെന്ന കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയ‌ുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബിജെപി മുൻ എംഎൽഎ രാജു ഖാ​ഗേ. 100 തവണ കുളിച്ചാലും നിങ്ങളെ കാണാൻ പോത്തിനെ പോലെയുണ്ടാകുമെന്ന് കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ പറഞ്ഞു.  

മോദി വെളുത്തിട്ടും കുമാരസ്വാമി കറുത്തിട്ടുമാണ്. മോദി ദിവസവും 10 തവണ മുഖത്ത് പൗഡറിടുമെന്നും 10 തവണ വസ്ത്രം മാറുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. മോദി വെളുത്ത് സുന്ദരനാണെന്നും രാജു ഖാ​ഗേ പറഞ്ഞു. ചാനൽ പരിപാടികളിൽ മേക്കപ്പ് ഇട്ടാണ് മോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമർശം.

ക്യാമറയുടേയും ജനങ്ങളുടെയും മുന്നിൽ വരുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് മുഖത്ത് തിളക്കം ലഭിക്കുന്നതിന് മോദി മേക്കപ്പിടും. എന്നാൽ നമ്മുടെ കാര്യം എടുക്കുകയാണെങ്കിൽ, രാവിലെ കുളിച്ച് പുറത്തിറങ്ങിയാൽ പിന്നെ അടുത്ത ദിവസം രാവിലെ മാത്രമേ കുളിക്കുകയുള്ളു. അങ്ങനെയാകുമ്പോൽ ക്യാമറയിൽ നമ്മുടെ മുഖം കാണാൻ‌ ഒരു ഭം​ഗിയുമുണ്ടാകില്ല. മാധ്യമ സുഹൃത്തുക്കൾക്ക് പോലും നമ്മുടെ മുഖം കാണിക്കാൻ താൽപര്യപ്പെടില്ല. അവർ നരേന്ദ്ര മോദിയെ മാത്രമേ കാണിക്കുകയുള്ളു, കുമാരസ്വാമി പറഞ്ഞു.