ലക്നൗ: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്തിയ ഉത്തര്‍പ്രദേശ് പൊലീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രിയുടെ ഓഫീസ്. 'അക്രമം പിന്തുടരുന്ന പ്രതിഷേധങ്ങളുടെ' ഭാഗമായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. 

''ഓരോ കലാപകാരിയും ഞെട്ടി. പ്രകടനം നടത്തുന്ന ഓരോരുത്തരും ഭയക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം കാണുന്ന ഓരോ മനുഷ്യനും നിശബ്ദമാകുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് ആരായാലും വില നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണെന്ന് ഓര്‍ത്ത് ഓരോ പ്രതിഷേധകനും കരയും'' - സിഎംഒ ട്വീറ്റ് ചെയ്തു. 

പ്രതിഷേധത്തിനിടെ 22 പേരാണ് വെടിയേറ്റ് മരിച്ചത്. 260 പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചിട്ടില്ലെന്നാണ് ഡിജിപി ഒ പി സിംഗ് പറഞ്ഞത്. എന്നാല്‍ പൊലീസ് വെടിവയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

''യോഗി സര്‍ക്കാരിന്‍റെ എല്ലാ ശക്തിയും കണ്ടുകഴിയുമ്പോള്‍, യോഗി സര്‍ക്കാരിനെ വെല്ലുവിളിച്ചതിലൂടെ വലിയൊരു തെറ്റാണ് ചെയ്തതെന്ന് ഓരോ കലാപകാരിയും ചിന്തിക്കും.'' - മറ്റൊരു ട്വീറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുറിച്ചു. 

ഉത്തര്‍പ്രദേശില്‍ മാത്രം 1113 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. 327 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 5558 പേരെ കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അവകാശ നിഷേധം നടന്നുവെന്ന ആരോപണത്തില്‍ സംസ്ഥാനസര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി.