സ്ത്രീധന പീഡനത്തെ തുടർന്ന് തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെയാണ് റിധന്യ എന്ന 27 കാരിയുടെ മരണം.
തിരുപ്പൂർ: ജീവനൊടുക്കും മുൻപ് നവവധു അച്ഛന് അയച്ച ശബ്ദസന്ദേശം പുറത്ത്. ഭർതൃ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നുവെന്നും ജീവിതം മടുത്തെന്നും 27കാരിയായ റിധന്യ അവസാന സന്ദേശത്തിൽ പറഞ്ഞു. എങ്ങനെയെങ്കിലും ഒത്തുപോകാൻ ആണ് എല്ലാവരും പറയുന്നതെന്നും ഇനിയും സഹിക്കാനാവില്ലെന്നും റിധന്യ അച്ഛന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇങ്ങനെയൊരു തീരുമാനം എടുത്തതിന് മാതാപിതാക്കളോട് യുവതി ക്ഷമ ചോദിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ജീവനൊടുക്കിയത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും അടക്കം സ്ത്രീധനം നൽയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന പേരിൽ ഭർതൃവീട്ടിൽ പീഡനം നേരിട്ടെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 78ആം ദിവസം ആണ് മരണം. കാറിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകളാണ് റിധന്യ. ഞായറാഴ്ച അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ഒരുപാട് നേരം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോകുന്ന വഴിയിൽ കാർ നിർത്തി വിഷം കഴിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ജീവനൊടുക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് റിധന്യ അവസാന സന്ദേശത്തിൽ ക്ഷമ ചോദിച്ചു- "അച്ഛനും അമ്മയുമാണ് എന്‍റെ ലോകം. എന്റെ അവസാന ശ്വാസം വരെ നിങ്ങളായിരുന്നു എന്‍റെ പ്രതീക്ഷ, പക്ഷെ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. എന്നെ ഇങ്ങനെ കാണാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്നോട് ക്ഷമിക്കണം അച്ഛാ, എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു."
ഭർത്താവ് കവിൻ കുമാർ, ഭർതൃ പിതാവ് ഈശ്വരമൂർത്തി, മാതാവ് ചിത്രദേവി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാവ് ആണ് ഈശ്വരമൂർത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
