കവരത്തിയിൽ നിന്ന് ബോണ്ട് വന്നില്ല, മുൻ ലക്ഷദ്വീപ് എംപിയുടെ മോചനം വൈകും; ഉപതെരഞ്ഞെടുപ്പ് റദ്ദാക്കാൻ കത്തയച്ചു
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിന്റെ ദില്ലിയിലെ അഭിഭാഷകൻ കെആർ ശശി പ്രഭു കത്തയച്ചു

കണ്ണൂർ: വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ജയിൽ മോചനം വൈകുന്നു. റിലീസിങ്ങ് ബോണ്ടിന്റെ ഹാർഡ് കോപ്പി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിട്ടില്ല എന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്നത്. കവരത്തി കോടതിയിൽ നിന്നാണ് ഇത് വരേണ്ടത്. ബോണ്ട് ഇമെയിലായി എത്തിയാലും മതിയെന്നും കവരത്തി കോടതിയുമായി ബന്ധപ്പെട്ടെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പറഞ്ഞു.
അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിന്റെ ദില്ലിയിലെ അഭിഭാഷകൻ കെആർ ശശി പ്രഭു കത്തയച്ചു. ഹൈക്കോടതി ഉത്തരവോടെ മുൻ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഫൈസലിന്റെ അയോഗ്യത ഇല്ലാതെയാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എംപിയെ അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്ന് കാട്ടി ലോക്സഭാ സ്പീക്കറിനും അഭിഭാഷകൻ കത്ത് നൽകിയിട്ടുണ്ട്. നേരത്തെ തെരെഞ്ഞടുപ്പ് വിജ്ഞാപനം ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ നൽകിയ ഹർജി വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.
ഈ മാസം 31 ന് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ് വന്നത്. 15 മാസത്തേക്ക് മാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. രാഷ്ട്രീയത്തെ ക്രിമിനൽ മുക്തമാക്കണ്ടത് രാജ്യതാത്പര്യത്തിന് അത്യാവശ്യമാണെന്നും എന്നാൽ ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതിരിക്കാനാകില്ലെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു. മുഹമ്മദ് ഫൈസലിനെതിരായ വിധി മരവിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപിൽ പരിമിതമായ കാലത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. വൻ ഒരുക്കവും പണവും ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നേരിട്ടല്ലെങ്കിലും പൊതുജനത്തിന്‍റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും അപ്പീൽ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മരവിപ്പിക്കുന്നതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്നാൽ 15 മാസക്കാലമേ പുതിയ അംഗത്തിന് ലഭിക്കുകയുള്ളൂ. കേസിലെ മറ്റ് മൂന്ന് പ്രതികളെയും തടവിൽ നിന്ന് മോചിപ്പിക്കുമെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി മരവിപ്പിച്ചിട്ടില്ല. ഫൈസലിന്‍റെ സഹോരന്മാരായ ഒന്നാം പ്രതി നൂറുൽ അമീൻ, ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരാണ് ജയിൽ മോചിതരാകുന്നത്. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി സ്റ്റേ ചെയ്തതിനാൽ ഇനി അയോഗ്യതയും നീങ്ങും. ഇതോടെ ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടിയും അനിശ്ചിതത്വത്തിലായി. ഈമാസം 31 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടത്. ഈമാസം 27 ന് തെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന മുഹമ്മദ് ഫൈസലിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയാൽ മാത്രമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇനി തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കഴിയൂ.