ദില്ലി: കോയമ്പത്തൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. 2010ൽ നടന്ന കൊയമ്പത്തൂർ ഇരട്ടക്കൊലപാതകക്കേസ് പ്രതിയായ മനോഹരന്‍റെ വധശിക്ഷയാണ് നടപ്പാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തടഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു മനോഹരനെ തൂക്കിക്കൊല്ലേണ്ടിയിരുന്നത്. 

2010ലാണ്, തട്ടികൊണ്ടുപോയി പിഡിപ്പിച്ച ശേഷം പത്ത് വയസ്സുകാരിയേയും ഏഴ് വയസ്സുള്ള സഹോദരനെയും കോയമ്പത്തൂര്‍ സ്വദേശികളായ മനോഹരനും മോഹനകൃഷ്ണനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിഷം കലര്‍ത്തിയ പാല്‍ കുടിപ്പിച്ച് കൊന്ന ശേഷം കനാലില്‍ ശരീരങ്ങൾ വലിച്ചെറിയുകയായിരുന്നു. പൊലീസ് ഏറ്റമുട്ടലില്‍ മോഹനകൃഷ്ണന്‍ കൊല്ലപ്പെട്ടു. 

മനോഹരന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇത് ചോദ്യം ചെയ്ത് മനോഹരന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ കോടതി ശരിവച്ചു. പ്രതി ദയാദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പ്രതിക്ക് തന്‍റെ ഭാഗം വാദിക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നുവെന്ന് വ്യക്തമാക്കിയാണ് ശിക്ഷാനടപടി സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തത്. കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും.