ഗുരുഗ്രാം: വീട്ടിനകത്ത് 25 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാമുകനെ പിടികൂടണമെന്ന ആവശ്യവുമായി അച്ഛൻ. ആർദീ നഗരത്തിൽ വെള്ളിയാഴ്ചയാണ് മാർക്കറ്റിംഗ് എക്സിക്യുട്ടീവായി ജോലി ചെയ്‌തിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിനകത്ത് നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും കിട്ടിയിട്ടില്ല. ഉത്തർപ്രദേശിലെ മതുര സ്വദേശിനി നിഷ പതകാണ് ആത്മഹത്യ ചെയ്തത്. ഗുരുഗ്രാമിൽ സഹോദരിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

കാമുകനായ കരൺ ജോർ, നിഷയെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവ് വിനോദ് പതക് ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കരൺ ജോറിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഇദ്ദേഹത്തെ കസ്റ്റിഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.