ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങളാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. 

ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെര‍ഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്.  നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. 

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 38 മുതല്‍ അന്‍പത് വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം ബിജെപി 32 സീറ്റുകളും കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് സീ വോട്ടര്‍ സര്‍വ്വേയില്‍ പറയുന്നത്. പ്രാദേശിക മാധ്യമമായ കാഷിഷ് ന്യൂസ് പുറത്തു വിട്ട എക്സിറ്റ് പോള്‍ പ്രകാരം  കോണ്‍ഗ്രസ്-ജെഎംഎം സഖ്യം 37 മുതല്‍ 49 വരെ സീറ്റുകള്‍ നേടും. ബിജെപി 25 മുതല്‍ 35 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ എട്ട് വരെ സീറ്റുകളും ലഭിക്കാം.