ദില്ലി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. രണ്ട് സംസ്ഥാനങ്ങളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് ബിജെപി എത്തുമെന്നാണ് കൂടുതൽ ഫലങ്ങളും പറയുന്നത്. ഇതോടെ രണ്ടിടത്തും വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. 

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും ഭരണത്തുടർച്ചയെ ബാധിക്കില്ലെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നു. ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 166മുതൽ 194 വരെ നല്‍കുന്നുണ്ട്. 

കോൺഗ്രസ്-എൻസിപി സഖ്യം 72 മുതൽ 90 വരെ നേടും. സർക്കാർ രൂപീകരണത്തിൽ ശിവസേനയുടെ സമ്മർദ്ദം നേരിടേണ്ടി വരും എന്ന സൂചനയാണ് ഈ സർവ്വേ നല്‍കുന്നത്. എന്നാൽ മറ്റെല്ലാ സർവേകളും ബിജെപി ഒറ്റയ്ക്ക് മാന്ത്രികസംഖ്യക്ക് അടുത്തെത്തിയേക്കും എന്ന സൂചന നല്‍കുന്നു. 

എബിപി ന്യൂസ് സി വോട്ടർ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 204ഉം കോൺഗ്രസ് എൻസിപിക്ക് 69 സീറ്റുകളും നല്‍കുന്നു. ബിജെപി-ശിവസേനയ്ക്ക് 230 എന്നാണ് ടൈംസ് നൗ പ്രവചനം. കോൺഗ്രസ് എൻസിപിക്ക് ടൈംസ് നൗ നല്‍കുന്നത് 48 സീറ്റുകൾ മാത്രം. 

ന്യൂസ് 18 ഇപ്സോസ് 243 സീറ്റുകളും റിപ്പബ്ളിക് ടിവി ജൻകി ബാത്ത് 216 മുതൽ 230വരെയും ബിജെപി ശിവസേന സഖ്യത്തിന് നല്‍കുന്നു. ശരാശരി എടുത്താൽ 200ലധികം സീറ്റുകൾ നേടി ദേവേന്ദ്ര ഫട്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും എന്നാണ് പ്രവചനം. 

ഹരിയാനയിൽ മനോഹർലാൽ ഖട്ടറിനും രണ്ടാമൂഴമാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. എബിപി ന്യൂസ് 72 സീറ്റ് ബിജെപിക്കും എട്ട് സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു. ന്യൂസ് 18 ഇഫ്പോസ് 90ൽ 75 സീറ്റ് ബിജെപിക്ക് നല്‍കുന്നു. 

കോൺഗ്രസ് പത്ത് സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം. ടൈംസ് നൗ 71 സീറ്റ് ബിജെപിക്കും 11 സീറ്റ് കോൺഗ്രസിനും പറയുന്നു. റിപ്പബ്ലിക് ജൻകിബാത്ത്  55 മുതൽ 63 സീറ്റ് മാത്രമേ ബിജെപിക്ക് നല്‍കുന്നുള്ളു. ദേശീയത മുഖ്യവിഷയമാക്കിയുള്ള പ്രചാരണവും സംസ്ഥാനങ്ങളിലെ നേതൃത്വവും ബിജെപിയെ കാര്യമായി സഹായിച്ചു എന്നാണ് എക്സിറ്റ് പോളുകൾ നല്‍കുന്ന സൂചന.