11 കുടുംബാംഗങ്ങളുള്‍പ്പെടെ 17 പേര്‍ക്കാണ് ഇയാളില്‍ നിന്ന് നേരിട്ട് രോഗം പടര്‍ന്നത്. ഇയാള്‍ സുഹൃത്തിന്റെ ബൈക്കുപയോഗിച്ച് കോളനിയില്‍ കറങ്ങി നടന്നതായും പറയുന്നു. 

ജയ്പുര്‍: ജയ്പുര്‍ വിദേശത്ത് നിന്നെത്തിയായാള്‍ ക്വാറന്റൈന്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നൂറിലേറെപ്പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായെന്ന് റിപ്പോര്‍ട്ട്. ജയ്പുരിലെ രാംഗഞ്ചിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 17നാണ് യുവാവ് ഒമാനില്‍ നിന്നെത്തിയത്. 11 കുടുംബാംഗങ്ങളുള്‍പ്പെടെ 17 പേര്‍ക്കാണ് ഇയാളില്‍ നിന്ന് നേരിട്ട് രോഗം പടര്‍ന്നത്. ഇയാള്‍ സുഹൃത്തിന്റെ ബൈക്കുപയോഗിച്ച് കോളനിയില്‍ കറങ്ങി നടന്നതായും പറയുന്നു. കോളനിയുള്ളവര്‍ക്കാണ് രോഗബാധയേറ്റത്.

രാംഗഞ്ചില്‍ രോഗബാധയുള്ള എല്ലാവരും ഇയാളുമായി ബന്ധം പുലര്‍ത്തിയവരാണ്. രോഗം ബാധിച്ച ഇയാളുടെ സുഹൃത്ത് നിരവധി പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി(ആരോഗ്യം) രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡിന്റെ ഹോട്‌സ്‌പോട്ടായി രാംഗഞ്ച് മാറുമോ എന്ന് അധികൃതര്‍ ആശങ്കപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ ബുധനാഴ്ചത്തെ കണക്കുപ്രകാരം 430 പേര്‍ക്ക് ബാധിച്ചു. തലസ്ഥാനമായ ജയ്പുരിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.