ദില്ലി: ബിജെപി ​ഗവ‌ർണറുടെ ഓഫീസിനെ ദുരുപയോ​ഗം ചെയ്തുവെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സു‍ർജേവാല. ഉടനെ വിശ്വാസ വോട്ടെടുപ്പ് നടത്തി സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട സു‌‌ർജേവാല സുപ്രീം കോടതിയിൽ നിന്ന്  നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സു‌‌ർജേവാല പ്രതികരിച്ചു. 

കോൺ​ഗ്രസും , എൻസിപിയും , ശിവസേനയും കോടതിയിൽ നൽകിയ പരാതിയിലും ഭൂരിപക്ഷ തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ബിജെപിയിപ്പോൾ രൂപീകരിച്ചിരിക്കുന്ന സ‌ർക്കാരിന് ഭൂരിപക്ഷമില്ല ഇത് വിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ വ്യക്തമാകും സു‌‌ർജേവാല വ്യക്തമാക്കി. 

കേസിൽ നാളെ വീണ്ടും വാദം തുടരുമെന്നാണ് സുപ്രീംകോടതി നിലപാട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾക്ക് ബിജെപിക്ക് മുന്നിൽ കൂടുതൽ സമയവും സാവകാശവും ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച്  ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവര്‍ണര്‍ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ നീണ്ട നിരയാണ് സുപ്രീംകോടതിയിൽ വാദത്തിനായി അണിനിരന്നത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയിൽ വാദം കേട്ടത് .