മധ്യപ്രദേശിലെ സത്ന ജില്ലാ ആശുപത്രിയിൽ തലാസീമിയ രോഗികളായ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചത് ആശുപത്രിയുടെ ഗുരുതരമായ പിഴവുകൾ മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. കാലഹരണപ്പെട്ടതും ശരിയായി പരിശോധിക്കാത്തതുമായ രക്തം നൽകിയതും രേഖകളിൽ കൃത്രിമം കാണിച്ചതും ഉൾപ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. 

ഭോപ്പാൽ: മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലഡ് ബാങ്കിൽ ഉപയോഗിച്ചത് കാലഹരണപ്പെട്ട രക്തമാണെന്നും രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലഡ് ബാങ്കിലെ രജിസ്റ്ററിൽ രോഗികൾ, രക്തദാതാക്കൾ എന്നിവരുടെ വിവരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രക്തദാതാക്കളുടെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകൾ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.

കഴിഞ്ഞ ഡിസംബറിലാണ് സത്നയിലെ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചെന്ന വിവരം പുറത്ത് വന്നത്. തലാസീമിയ ബാധിച്ച കുട്ടികൾക്കാണ് രോഗബാധയുണ്ടായത്. നടപടികളുടെ ഭാഗമായി അന്ന് സത്നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലബോറട്ടറി ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

ദാതാക്കളുടെ രക്തം പരിശോധിക്കുന്നതിൽ വലിയ അനാസ്ഥയുണ്ടായതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. രക്തദാതാക്കളുടെ വിലാസമോ പരിശോധനാ വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എച്ച്ഐവി ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനായി നടത്തേണ്ട അത്യാധുനികമായ ഫോർത്ത് ജനറേഷൻ എലിസ അല്ലെങ്കിൽ CLIA പരിശോധനകൾക്ക് പകരം കൃത്യത കുറഞ്ഞ റാപ്പിഡ് കാർഡ് പരിശോധനകളാണ് പലപ്പോഴും നടത്തിയത്. 2024 ജനുവരി മുതൽ 2025 മാർച്ച് വരെ കുട്ടികൾക്ക് നൽകിയ 204 യൂണിറ്റ് രക്തത്തിൽ 35 എണ്ണവും ഇത്തരത്തിൽ ശരിയായ പരിശോധന നടത്താത്തവയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു.

രക്തബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. സത്‌നയിലെ ആശുപത്രിയിൽ അനധികൃത വ്യക്തികളുടെ സാന്നിധ്യം പതിവായിരുന്നുവെന്നും രേഖകളിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കൂടാതെ ലൈസൻസ് കാലാവധി കഴിഞ്ഞ ബിർള ബ്ലഡ് സെന്റർ എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാലാവധി കഴിഞ്ഞ രക്ത യൂണിറ്റുകൾ രോഗികൾക്ക് നൽകി. എച്ച് ഐ വി ബാധിച്ച ഒരു പെൺകുട്ടിക്ക് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ രക്തമാണ് നൽകിയതെന്ന് പരിശോധനയിൽ വ്യക്തമായി.

രക്തപരിശോധനയിൽ എച്ച് ഐ വി ലക്ഷണങ്ങൾ കണ്ട ദാതാക്കളെ കൃത്യമായി പരിശോധിക്കുന്നതിലോ അവർക്ക് ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകുന്നതിലോ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടു. പരിശോധനയിൽ രോഗബാധയുണ്ടെന്ന് സംശയിച്ച 14 ദാതാക്കളിൽ അഞ്ച് പേരുടെ വിവരങ്ങൾ മാത്രമാണ് എആർടി സെന്ററുകളിൽ ഉള്ളത്. ബാക്കി ഒൻപത് പേർ ഇപ്പോൾ എവിടെയാണെന്നോ അവരുടെ ആരോഗ്യസ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ഇത് സമൂഹത്തിൽ രോഗം പടരാൻ ഇടയാക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

നിലവിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തലാസീമിയ ബാധിച്ച് മാസത്തിൽ രക്തമാറ്റം അനിവാര്യമായ കുട്ടികളാണ് അധികൃതരുടെ അനാസ്ഥ കാരണം എച്ച്ഐവി ബാധിതരായിരിക്കുന്നത്.