ദില്ലി: ലഡാക്ക് സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സർവ്വകക്ഷിയോഗത്തിൽ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യൻ ഭൂമിയിൽ ആരും അതിക്രമിച്ചു കയറിയില്ലെന്ന മോദിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പിഎംഒ വിശദീകരണവുമായി എത്തിയിരിക്കുന്നത്. 

നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം നിർമ്മാണ പ്രവർത്തനം നടത്താനായിരുന്നു ചൈനീസ് സേനയുടെ ശ്രമമെന്നും ചൈനീസ് സൈന്യത്തിൻ്റെ  വലിയൊരു സംഘം അതിർത്തിയിലേക്ക് വന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. ഇന്ത്യൻ സൈന്യം ഈ കടന്നു കയറ്റം വിജയകരമായി തടഞ്ഞുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞത്. 

നിയന്ത്രണരേഖ ഏകപക്ഷീയമായി മാറ്റുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യൻ അതിർത്തിയിലേക്ക് ആരും കടന്നു കയറിയില്ല എന്ന മോദിയുടെ പ്രസ്താവനയെ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. ചൈനീസ് സൈന്യം കടന്നു കയറിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ സൈനികർ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ചോദിച്ചിരുന്നു.