പുലര്‍ച്ചെ ഒരുമണിക്ക് ലഭിച്ച ഫോണ്‍കോളിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് കണ്ടെത്തിയത്. 

ദില്ലി: ഇന്ദിര ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ സ്ഫോടക വസ്തു അടങ്ങിയ ബാഗ് കണ്ടെത്തി. പുലര്‍ച്ചെ ഒരുമണിക്ക് ലഭിച്ച ഫോണ്‍കോളിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് കണ്ടെത്തിയത്. കറുത്ത നിറത്തിലുള്ള ട്രോളി ഉടനടി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍റ് ഡിസ്പോസല്‍ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാഗിന്‍റെ എക്സറേ ചിത്രങ്ങള്‍ എടുത്തെങ്കിലും സ്ഫോടക വസ്‍തു എന്തെന്നതില്‍ വ്യക്തത വരാത്തത് ആശങ്കയിലാഴ്‍ത്തി.

പുലര്‍ച്ചെ മൂന്ന് മണിയോടെ സ്ഫോടക വസ്തു അടങ്ങിയ ട്രോളി തണുത്ത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. തുര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വീണ്ടും നടത്തിയ തെരച്ചിലിന് പിന്നാലെ 3.30 ഓടെ വാഹനങ്ങളെയും യാത്രക്കാരെയും കടത്തിവിടുകയായിരുന്നു. ബാഗില്‍ ഉണ്ടായിരുന്ന സ്ഫോടക വസ്തു എന്താണെന്നതില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. സ്ഫോടക വസ്തു എന്താണെന്നത് വരും മണിക്കൂറില്‍ വ്യക്തമാകും. ഇതോടെ ദില്ലി എയര്‍പോര്‍ട്ടിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.