കാഞ്ചിപുരം: തമിഴ്നാട്ടിലെ കാ‌ഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്ത് നിന്ന് വീണ്ടും സ്ഫോടക വസ്തു കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

ഇന്നലെ വൈകിട്ട് സ്ഫോടനം ഉണ്ടായ കാഞ്ചീപുരം തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വീണ്ടും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡും ഫോറന്‍സിക്ക് വിദഗ്ധരും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപത്തുവച്ച് കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ പ്രദേശവാസികളായ സൂര്യ ദിലീപ്, രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്ഷേത്രക്കുളത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. ക്ഷേത്രക്കുളം വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ ഒരാഴ്ചയായി നടന്നിരുന്നു. പുറമേ നിന്ന് ഇവിടെ ജോലിക്ക് എത്തിയ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

എന്നാല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശങ്ക ഒഴിവാക്കണമെന്നും പൊലീസ് വ്യക്തമാക്കി.എങ്കിലും ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെയുണ്ടായ സ്ഫോടനം സുരക്ഷ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.