ഹൈദരാബാദ്: തീവ്രന്യൂനമർദ്ദത്തെത്തുടർന്നുളള മഴക്കെടുതിയിൽ ഹൈദരാബാദിൽ  15 പേരും ആന്ധ്രപ്രദേശിൽ 10 പേരും മരിച്ചു.  റെക്കോഡ് മഴയാണ് തെലങ്കാനയിലും ആന്ധ്രയിലും  പെയ്തത്. ഹൈദരാബാദിന്‍റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളംകയറി. ഷംഷാബാദിൽ ചുറ്റുമതിൽ തകർന്ന് വീടുകളുടെ മുകളിലേക്ക് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒൻപത് പേർ മരിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. 

തെലങ്കാനയിലെ പതിനാല് ജില്ലകൾ മഴക്കെടുതിയിലാണ്. ദേശീയ  ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദിൽ വിന്യസിച്ചു. 74 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ആന്ധ്രയും തെലങ്കാനയും കടന്ന് ദുർബലമായി മഹാരാഷ്ട്രയിലേക്ക് നീങ്ങി. വൈകിട്ടോടെ തെലങ്കാനയിൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.