ദില്ലി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്ക് ഇന്ത്യ ബിജെപിയെ സഹായിച്ചെന്നും ബിജെപിയുടെ ഐടി സെല്ലിനെപ്പോലെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രയാന്‍. ബിജെപിക്കെതിരായ വാര്‍ത്തകളും പോസ്റ്റുകളും പലതും ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഡെറെക് ഒബ്രയാന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനെടെ ആരോപിച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എംപിയുടെ പ്രസംഗം. നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രത്തില്‍ വായിക്കില്ല, കാരണം ഇത് ഒരു മോശം കഥയാണ് പറയുന്നത്. ബിജെപിക്കെതിപായ വാര്‍ത്തകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയും ചെയ്തു. 

എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് ഇക്കാര്യങ്ങള്‍ രാജ്യസഭയില്‍ പറയുന്നത്. ഫേസ്ബുക്കിന്‍റെ ദില്ലി ഓഫീസ് ഫലത്തില്‍ ബിജെപി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്ക് അല്‍ഗരിതം തന്നെ മാറ്റി- ഡെറെക് ഒബ്രയാന്‍ ആരോപിച്ചു.