ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നാണ് കുടുംബം ആരോപിച്ചത്

ദില്ലി: രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ് ബുക്കും ഇൻസ്റ്റ ഗ്രാമും നീക്കം ചെയ്തു. ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളുടെ നടപടി. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ഫെയ്സ്ബുക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മീഷൻ ഫെയ്സ്ബുക്കിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

ഇതേ കാരണത്തിലായിരുന്നു ട്വിറ്ററിന്റെയും നടപടി. ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്ത് ഏഴ് ദിവസമായപ്പോഴാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്. ദില്ലിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്‍റെ ഐഡി ബ്ലോക്ക് ചെയ്യാൻ ഇടയാക്കിയത്. രാഹുലിന്‍റെ ട്വീറ്റ് പങ്കുവച്ച അക്കൗണ്ടുകളും നടപടിക്കിരയായിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളും തിരിച്ചു വന്നിട്ടുണ്ട്.

ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ട്വിറ്റർ പ്രതികരണം. ട്വിറ്റർ നടപടിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇന്ത്യൻ ജനാധിപത്യത്തിൽ ട്വിറ്റർ ഇടപെടുന്നുവെന്ന് വരെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona