kbkbygov.online എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെത് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റ് വഴിയാണ് തൊഴില്‍ പരസ്യം വ്യാപിക്കുന്നത്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പേര് പറഞ്ഞുള്ള ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് വീണ്ടും. kbkbygov.online വെബ‌്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത് എന്നും, ഈ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധമൊന്നുമില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വ്യാജ പ്രചാരണവും വസ്‌തുതയും വിശദമായി അറിയാം. 

പ്രചാരണം

kbkbygov.online എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെത് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റ് വഴിയാണ് തൊഴില്‍ പരസ്യം വ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്‍പ്പടെ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. Apply Now എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും അഡ്രസും അടക്കമുള്ള വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. 

വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഈ വെബ്‌സൈറ്റിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് നല്‍കുന്ന വിശദീകരണം ഇങ്ങനെ... kbkbygov.online എന്ന വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റാണ് എന്ന് വ്യാജമായി അവകാശപ്പെടുകയാണ്. മാത്രമല്ല, അപേക്ഷ സ്വീകരിച്ചുകൊണ്ട് ജോലി വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഈ വെബ്‌സൈറ്റും തൊഴില്‍ വാഗ്‌ദാനവും വ്യാജമാണ് എന്നാണ് പിഐബി ഫാക്ട് ചെക്കിന്‍റെ ട്വീറ്റ്. 

Scroll to load tweet…

മുമ്പും തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന വ്യാജേനയുള്ള തൊഴില്‍ പരസ്യങ്ങള്‍ മുമ്പും വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായിട്ടുണ്ട്. ഇല്ലാത്ത ജോലിയുടെ പേരില്‍ അപേക്ഷകള്‍ സ്വീകരിച്ചും, അപേക്ഷാ ഫീസായി തുകകള്‍ സ്വീകരിച്ചുകൊണ്ടുമാണ് ഈ തട്ടിപ്പുകള്‍ നടന്നത്. അന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തിയിരുന്നു. തട്ടിപ്പ് തുടരുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കേണ്ടതാണ്. 

Read more: ബിഎസ്എന്‍എല്‍ 5ജി ടവര്‍ സ്ഥാപിക്കല്‍; നടക്കുന്നത് വ്യാജ പ്രചാരണം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം