കേന്ദ്ര സര്‍ക്കാര്‍ ജോലിയെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് പരസ്യമുള്ളത്, എന്താണ് ഇതിന്‍റെ വസ്‌തുത? 

ദില്ലി: സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മളേറെ തൊഴില്‍ പരസ്യങ്ങള്‍ കാണാറുണ്ട്. ഇവയില്‍ അനേകം പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ആളുകളെ പറ്റിക്കുന്നതുമാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പും ഫേസ്‌ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമെല്ലാം തൊഴില്‍ തട്ടിപ്പ് വീരന്‍മാരുടെ സ്ഥിരം താവളങ്ങളാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നാലെ പോയാല്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

ദിവസം 3000 രൂപ വേതനത്തില്‍ തൊഴില്‍ മന്ത്രാലയം ജോലി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലുള്ള ഒരു പരസ്യത്തില്‍ കാണുന്നത്. '3000 രൂപ ദിവസ വേതനം ലഭിക്കും. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള മണിക്കൂറുകളില്‍ ജോലി ചെയ്യാം. മറ്റനേകം ആനുകൂല്യങ്ങളും ഈ ജോലിക്കുണ്ട്' എന്നും ഇന്‍സ്റ്റഗ്രാമിലെ പരസ്യത്തില്‍ വിശദീകരിക്കുന്നു. 

വസ്‌തുത

ഈ പരസ്യം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടത് അല്ല എന്നതാണ് യാഥാര്‍ഥ്യം. കേന്ദ്ര തൊഴില്‍ മന്ത്രാലയം 3000 രൂപ ദിവസ വേതനത്തില്‍ ജോലി നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണ് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അതിനാല്‍ ഈ തൊഴില്‍ പരസ്യം കാണുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. 

Scroll to load tweet…

തട്ടിപ്പുകള്‍ മുമ്പും

കേന്ദ്ര സര്‍ക്കാരിന്‍റെ പേരിലുള്ള വ്യാജ തൊഴില്‍ സന്ദേശങ്ങളെ കുറിച്ച് പിഐബി ഫാക്ട് ചെക്ക് മുമ്പും മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ എന്ന അവകാശവാദമുള്ള ഒരു വ്യാജ വെബ്‌സൈറ്റിനെതിരെ പിഐബി ഫാക്ട് ചെക്ക് ഇത്തരത്തില്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. kbkbygov.online എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെത് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റ് വഴിയായിരുന്നു തെറ്റായ തൊഴില്‍ പരസ്യം പ്രചരിച്ചിരുന്നത്. 

Read more: അഭിഷേക് ബച്ചനുമായി വേര്‍പിരിഞ്ഞ് ഐശ്വര്യ റായി ലണ്ടന്‍ വ്യവസായിയെ വിവാഹം കഴിച്ചോ? ഫോട്ടോകളുടെ സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം