'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ കരസേനാ മേധാവി എം.എം നരവനെ. ചൈനയുമായുള്ള സംഘർഷത്തിനിടെ സർക്കാർ തന്നെ കൈവിട്ടില്ലെന്നും, വെടിയുതിർക്കാൻ പൂർണ്ണ പിന്തുണയും അധികാരവും നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ദില്ലി: ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം, ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് കരസേനാ മുൻ മേധാവി ജനറൽ എംഎം നരവാനെ (റിട്ട.) തന്നെയും സായുധ സേനയെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് തികച്ചും അന്യായമാണെന്നായിരുന്നു പ്രതികരണം. 2020 ലെ ചൈനയുമായുള്ള നിയന്ത്രണ രേഖ സംഘർഷത്തിന്റെ മൂർധന്യത്തിൽ സർക്കാർ തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പുസ്തകം ഉയർത്തിക്കാട്ടി സർക്കാറിനെതിരെ വിമർശനമുന്നയിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നരവനെ എഴുതിയ പുതിയ പുസ്തകമായ 'ദി ക്യൂരിയസ് ആൻഡ് ദി ക്ലാസിഫൈഡ്: അൺഎർത്തിംഗ് മിലിട്ടറി മിത്ത്സ് ആൻഡ് മിസ്റ്ററീസിൽ, ചൈനയുമായുള്ള എൽഎസി സംഘർഷത്തിനിടെ, ആവശ്യമെങ്കിൽ ചൈനീസ് സൈനികർക്ക് നേരെ വെടിയുതിർക്കാൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയും അധികാരവും തനിക്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.

ഒരു രാജ്യത്തിന്റെ സിഇഒ ആയാലും നേതാവായാലും, തലപ്പത്തുള്ള വ്യക്തി എപ്പോഴും ഒറ്റയ്ക്കാണ്. എന്നാൽ അതിനർത്ഥം നിങ്ങൾ ഉപേക്ഷിക്കപ്പെട്ടുവെന്നോ ഒറ്റപ്പെട്ടുവെന്നോ അല്ല. മുഴുവൻ രാജ്യവും സൈന്യവും നിങ്ങളുടെ പിന്നിലുണ്ടെന്നും ജനറൽ നരവാനെ വാർത്താ ചാനലിനോട് പറഞ്ഞു. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പൂർണ ഉത്തരവാദിത്തം കരസേന മേധാവിക്ക് കൈമാറി പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുവെന്നായിരുന്നു നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് രാഹുൽ ​ഗാന്ധിയുടെ വിമർശനം. റെച്ചിൻ ലാ പാസിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ നരവനെ സർക്കാരിൽ നിന്ന് ഉത്തരവുകൾ തേടിയപ്പോൾ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുകയെന്നാണ് മറുപടി ലഭിച്ചതെന്നും പുസ്തകത്തെ ഉദ്ധരിച്ച് രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ, വിവാ​ദത്തിന് കാരണമായ ഒന്നും പുസ്തകത്തിലില്ലെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു.