ദില്ലി: ഇറ്റലിയിലെ കൂറ്റന്‍ കെട്ടിടം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലാണെന്ന് ആരോപിച്ച് യുവാവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലെ ആരോപണങ്ങള്‍ അസത്യമെന്ന് തെളിഞ്ഞു.  ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് സത്യമല്ലെന്ന് തെളിഞ്ഞത്. 

ഇറ്റലിയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇന്ത്യന്‍ സ്വദേശിയായ യുവാവ് ഈ കെട്ടിടം രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇന്ത്യയെ കൊള്ളയടിച്ച് ഇറ്റലിയില്‍ ഇതു പോലെ മൂന്ന് കൂറ്റര്‍ കെട്ടിടങ്ങളുണ്ടെന്നും ആരോപിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ രാഹുല്‍ സ്വന്തമാക്കുന്നതെന്നും ആരോപിച്ചിരുന്നു. ഗുജറാത്തി ഭാഷയിലായിരുന്നു വീഡിയോ. മേരാ ഭാരത് മഹാന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

1.5 ലക്ഷം ആള്‍ക്കാര്‍ കാണുകയും 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന അടിക്കുറിപ്പും വീഡിയോക്ക് നല്‍കിയിരുന്നു. എന്നാല്‍, ടൂറിനിലെ പിയാസ കാസ്റ്റെലോയിലെ സിറ്റി സ്ക്വയറിലെ മ്യൂസിയം, തിയറ്റര്‍, കൊട്ടാരം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെട്ടിടം യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയതാണ്.