40,000 കോടിയുടെ വികസന ഫണ്ട് ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ഭരണത്തില്‍ വന്നാല്‍ ദുരുപയോഗം ചെയ്യും എന്ന് ബിജെപിക്ക് അറിയാം.
ബംഗലൂരു: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് വലിയൊരു നാടകമായിരുന്നു എന്ന് തുറന്ന് പറഞ്ഞ് ബിജെപി നേതാവ്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ ആണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ പുറത്ത് വിട്ടിരിക്കുന്നത്.
40,000 കോടിയുടെ വികസന ഫണ്ട് ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ഭരണത്തില്‍ വന്നാല്‍ ദുരുപയോഗം ചെയ്യും എന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ഫട്നാവിസ് സര്‍ക്കാര്‍ രൂപീകരിച്ച് ഈ ഫണ്ട് കേന്ദ്രത്തിന് തിരിച്ചുനല്‍കിയത് എന്ന് ഹെഗ്ഡെ പ്രവര്‍ത്തകരോട് അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത് ഒരു നാടകത്തിന്‍റെ ഭാഗമായിരുന്നു ഫട്നാവിസ് മുഖ്യമന്ത്രിയായ 15 മണിക്കൂറില്‍ 40000 കോടി ഞങ്ങള്‍ കേന്ദ്രത്തിന് തിരിച്ചുനല്‍കി ഹെഗ്ഡെ പറയുന്നു.
അതേ സമയം ഹെഗ്ഡെയുടെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രംഗത്ത് എത്തി.ഹെഗ്‌ഡെ പറഞ്ഞത് തെറ്റെന്ന് ഫഡ്‌നവിസ് പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയായ സമയത്ത് നയപരമായ ഒരു തീരുമാനവും എടുത്തിരുന്നില്ലെന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
