പൂനെ: മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന നിശ്ചയദാർഢ്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. 'ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ഞങ്ങളെ തടുക്കാനാവില്ല.. അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ തിരികെ വന്നിരിക്കും'എന്ന് ഫഡ്നവിസ് പറഞ്ഞു. പൂനെയില്‍ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേർപാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്.. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകും"- ഫഡ്നവിസ് പറഞ്ഞു.

Read Also: മഹാരാഷ്ട്ര: 80 മണിക്കൂർ ഭരണത്തിന് ശേഷം ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ശിവസേനയ്ക്ക് എതിരെ കടുത്ത വിമർശനം

കഴിഞ്ഞ ഒക്ടോബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഞാന്‍ വീണ്ടും അധികാരത്തിലേറും' എന്നതായിരുന്നു ഫഡ്നവിസിന്റെ പ്രചരണ മുദ്രാവാക്യം. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഫഡ്നവിസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മണിക്കൂറുകൾ മാത്രമെ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ഒടുവിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേറുകയും ചെയ്തു.