നാഗ്പൂര്‍: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസിന് കോടതി ഇറക്കിയ സമന്‍സ് പൊലീസ് കൈമാറി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്നും രണ്ട് ക്രിമിനല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചു എന്ന കേസിലാണ് സമന്‍സ്. നാഗ്പൂരിലെ ഫട്നാവിസിന്‍റെ വീട്ടില്‍ നഗ്പൂര്‍ സദാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് സമന്‍സ് എത്തിച്ചത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് ഫട്നാവിസിന് സമന്‍സ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.

അഭിഭാഷകനായ സതീഷ് ഉകെയാണ് ക്രിമിനൽ കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതിന് ഫട്നാവിസിനെതിരെ നടപടി വേണമന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉകെയുടെ ഹർജി തള്ളിക്കൊണ്ടുള്ള കീഴക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. എന്നാൽ അഭിഭാഷകന്റെ അപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി മജിസ്ട്രേറ്റ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരമാണ് ഫട്നാവിസിന് നോട്ടീസ് അയച്ചിരിക്കുന്നത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് 1996ലും 1998ലുമാണ് ഫട്നാവിസിനെതിരെ കേസെടുത്തത്. എന്നാൽ കുറ്റം ചുമത്തിയിട്ടില്ല. ഈ വിവരങ്ങൾ സത്യവാങ്മൂലത്തിൽ നിന്നും മറച്ചുവെച്ചതിനാണ് എന്നാണ് സതീഷ് ഉകെയുടെ ഹർജിയിൽ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.