സ്കില്‍ഡ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളെ നിയമിക്കുന്നു എന്ന തരത്തിലാണ് കത്ത് വ്യാപകമായി പ്രചരിക്കുന്നത്

ദില്ലി: സാമൂഹ്യമാധ്യമങ്ങളില്‍ തൊഴില്‍ വാഗ്ദാനങ്ങള്‍ ഏറെ നമ്മള്‍ കാണാറുണ്ട്. വലിയ ശമ്പളവും മറ്റ് ഓഫറുകളും വച്ചുനീട്ടുന്ന ഏറെ സന്ദേശങ്ങള്‍ ഇവയിലുണ്ടാവാറുണ്ട്. ഫേസ്ബുക്കും വാട്സ്ആപ്പും എക്സും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ തൊഴില്‍ വാഗ്ദാനങ്ങളുടെ വിളനിലവാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഏറെ തൊഴില്‍ തട്ടിപ്പ് നടക്കാറുണ്ട് എന്നതാണ് മറ്റൊരു വസ്തുത. പലപ്പോഴും നമ്മള്‍ കാണുന്ന ഓഫറുകള്‍ പണം തട്ടാനോ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനോ ആയിരിക്കും. ഈ പശ്ചാത്തലത്തില്‍ ഒരു തൊഴില്‍ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

സ്കില്‍ഡ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളെ നിയമിക്കുന്നു എന്ന തരത്തിലാണ് കത്ത് വ്യാപകമായി പ്രചരിക്കുന്നത്. മാസം തോറും പ്രതിഫലമായി 28,000 രൂപ ലഭിക്കും. ഇതിനായി 1,350 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഈ ജോലിക്ക് യോഗ്യതയായി പറയുന്നത്. 1,350 രൂപ സ്കാന്‍ ചെയ്ത് അയക്കാനുള്ള ക്യൂആര്‍ കോഡും കത്തില്‍ കാണാം.

വസ്തുത 

സ്കില്‍ഡ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ 28,000 രൂപ പ്രതിഫലത്തോടെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവുകളെ നിയമിക്കുന്ന എന്ന തരത്തിലുള്ള കത്തും പ്രചാരണവും വ്യാജമാണ്. ഇത്തരത്തിലൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാരിനില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പൊതുജനങ്ങളെ അറിയിച്ചു. അതിനാല്‍ തന്നെ ആരും സന്ദേശം കണ്ട് ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണം നല്‍കി വഞ്ചിതരാവരുത്. കേന്ദ്ര സര്‍ക്കാരിന്‍റെ പേര് പറഞ്ഞുള്ള തൊഴില്‍ തട്ടിപ്പുകളെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമല്ല. മുമ്പും നിരവധി തൊഴില്‍ തട്ടിപ്പുകളുടെ നിജസ്ഥിതി പിഐബി പൊതുജനങ്ങളെ അറിയിച്ചിരുന്നു. 

Scroll to load tweet…

Read more: അയോധ്യ പ്രതിഷ്ഠാ കര്‍മ്മം; ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് പ്രചാരണം, സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം