Asianet News MalayalamAsianet News Malayalam

കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചൊഴുക്കിന് കാരണം വ്യാജവാര്‍ത്തകളെന്ന് കേന്ദ്ര സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ കാലത്തെ വ്യാജവാര്‍ത്തകളെ തുടര്‍ന്നുണ്ടായ ആശങ്കയാണ് കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി വീട്ടിലേക്ക് തിരിക്കാന്‍ കാരണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കി.
 

Fake News Caused Migrant Exodus: Government
Author
New Delhi, First Published Sep 16, 2020, 10:10 AM IST

ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കാനുള്ള കാരണം വ്യാജവാര്‍ത്തകളെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ എംപി മാല റോയ് എഴുതി നല്‍കിയ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. നേരത്തെ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കണക്കുകളില്ലെന്നും നഷ്ടപരിഹാരത്തിന് സാധ്യതകളിലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ചില്ലെന്നും എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ വീട്ടിലേക്ക് നടക്കേണ്ടി വന്നതും വഴിയില്‍ മരിക്കേണ്ടി വന്നതെന്നുമാണ് എംപി ചോദിച്ചത്. ലോക്ക്ഡൗണ്‍ കാലത്തെ വ്യാജവാര്‍ത്തകളെ തുടര്‍ന്നുണ്ടായ ആശങ്കയാണ് കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി വീട്ടിലേക്ക് തിരിക്കാന്‍ കാരണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കി.

അടിസ്ഥാ ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാര്‍പ്പിടം എന്നിവ ലഭ്യമാകുമോ എന്ന ഭയം വ്യാജവാര്‍ത്തകള്‍ മൂലം തൊഴിലാളികള്‍ക്കുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണമോ മറ്റ് സൗകര്യമോ ലഭിക്കാതെ ആരും ബുദ്ധിമുട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

സംസ്ഥാന ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഉപയോഗിച്ച് വീടില്ലാത്തവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും എല്ലാ സൗകര്യവും ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. അതിനായി 11,092 കോടി മുന്‍കൂറായി അനുവദിച്ചെന്നും സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം, കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ മരിച്ചവരുടെ കണക്ക് കേന്ദ്ര സര്‍ക്കാറിന്റെ കൈയിലില്ലെന്നും നഷ്ടപരിഹാരം നല്‍കാന്‍ സാധ്യതയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അതേസമയം, ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലേക്ക് തിരിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios