ഇതേ ചിത്രമുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.
ദില്ലി: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങളിലൊന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമൊത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം. നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. ഇമ്രാന്‍ ഖാനൊപ്പം രാഹുല്‍ ചിക്കന്‍ ബിരിയാണി കഴിക്കുകയാണെന്നായിരുന്നു പ്രചാരണം. ബിജെപി, സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി ചിത്രം പ്രചരിപ്പിച്ചു.
യഥാര്‍ത്ഥ ചിത്രം
എന്നാല്‍, ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് പ്രചരിപ്പിച്ചത്. റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഇതില്‍നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇതേ ചിത്രമുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. 2015ലാണ് റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. ഈ ചിത്രമാണ് പിന്നീട് പല രീതിയില്‍ കൃത്രിമം കാട്ടി പ്രചരിപ്പിച്ചത്.

