ദില്ലി: പണം നൽകിയാൽ പരീക്ഷ പോലും എഴുതാതെ, വെറും രണ്ട് മാസം കൊണ്ട് മാനേജ്മെന്റ് ബിരുദങ്ങൾ നൽകുന്ന വ്യാജ സർവകലാശാലകള്‍ രാജ്യത്ത് സജീവം. അരലക്ഷം രൂപയ്ക്ക് എംബിഎ ബിരുദം നല്‍കാമെന്നായിരുന്നു ഏജന്‍റുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നല്‍കിയ വാഗ്ദാനം. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്താൻ മാത്രം അംഗീകാരമുള്ള സ്ഥാപനത്തിന്റെ മറവിലാണ് വ്യാജ സർവകലാശാലയുടെ പ്രവർത്തനം. വ്യാജ സർട്ടിഫിക്കറ്റ് 15 വർഷമായി നൽകുന്നുണ്ടെന്നും വെളിപ്പെടുത്തൽ.

ജോലിക്കൊപ്പം എംബിഎ പഠനം നടത്താനാകുമോ എന്ന് അന്വേഷിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ദില്ലി ജനക്പുരിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സോലൂഷൻ എന്ന സ്ഥാപനത്തിൽ എത്തിയത്. ഓഫീസ് ഭിത്തിയില്‍ വിദ്യാർത്ഥികൾക്ക് ജോലി നൽകിയെന്ന് അവകാശപ്പെടുന്ന കമ്പിനികളുടെ പേരുകൾ നിരനിരയായി എഴുതിവെച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങൾ മുതൽ മാധ്യമസ്ഥാപനങ്ങള്‍ വരെ ഇതിലുണ്ട്. ജോലി ചെയ്യുന്നതിനൊപ്പം എംബിഎ കിട്ടുമോ എന്ന് ചോദ്യത്തിന് ഇപ്പോൾ ചേർന്നാൽ അടുത്ത വർഷം മാർച്ചിൽ പരീക്ഷയുണ്ട്, അത് എഴുതിയാൽ ഏപ്രിലിൽ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് തരാം എന്നായിരുന്നു മാനേജ്മെന്‍റിന്‍റെ മറുപടി.

65000 രൂപ നല്‍കിയാല്‍ 2020 മാർച്ചിൽ പഠനം പൂർത്തിയാക്കിയെന്ന് കാട്ടി എംബിഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ അവകാശവാദം. തുക കൂടുതലാണെന്നും ഇളവ് വരുത്തണെന്നും അറിയിച്ചതോടെ പതിനയ്യായിരം കുറച്ച് 50000 ന് എംബിഎ നല്‍കാന്‍ മാനേജര്‍ തയ്യാറായി. പണം കൊടുക്കുന്നവര്‍ പരീക്ഷ പോലും എഴുതേണ്ട. സോഫ്റ്റ് വെയറിലാണ് പരീക്ഷ. പണം അടച്ച് കഴിഞ്ഞാൽ ഇതിന്റെ പാസ്‍വേഡ് തരും. പറയുന്ന ദിവസം എവിടെയിരുന്നും ആർക്കുവേണമെങ്കിലും പരീക്ഷ എഴുതാം.

''ഓൺലൈനിലാണ് പരീക്ഷ, 50 ചോദ്യങ്ങളുണ്ട്, ഇത് പൂർത്തിയാക്കണം. പരീക്ഷ ആർക്ക് വേണമെങ്കിലും എഴുതാം, നിങ്ങൾക്ക് കഴിയില്ലെങ്കിൽ സഹോദരിക്കോ സുഹൃത്തിനോ എഴുതാം, പാസ്‍വേർഡ് വിശ്വാസമുള്ള ആർക്കും നൽകാം. പരീക്ഷ എഴുതുന്നത് ആരാണെന്ന് ഞങ്ങൾ നോക്കില്ല.''- മാനേജര്‍  

 

തോൽക്കുമെന്ന് പേടിക്കണ്ടെന്നും മുഴുവൻ തുക അടച്ചവ‍ർ തോൽക്കില്ലെന്നാണ് മാനേജറുടെ ഉറപ്പ്. സർട്ടിഫിക്കറ്റുകളും കാണിച്ചുതന്നു. ജയ്പൂരിലും മഹാരാഷ്ട്രയിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 വ‌ർഷമായി എംബിഎ ബിരുദങ്ങൾ നൽകുന്നതായും മാനേജര്‍ വെളിപ്പെടുത്തി. പണം അടച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കും സ്റ്റുഡന്‍റ് ലോഗ് ഇന്‍ ലഭിച്ചു. ഇതുവഴി പേരിന് ഒരു പരീക്ഷകൂടി എഴുതാൽ എംബിഎ സര്‍ട്ടിഫിക്കറ്റും ലഭിക്കും എന്നതാണ് സ്ഥിതി.