നെഞ്ചത്തടിച്ച് റോഡില്‍ ഇരുന്ന് മകളുടെ മൃതദേഹം വിട്ട് കിട്ടാനായി പൊലീസിനോട് യാചിക്കുന്ന പെണ്‍കുട്ടിയുടെ അമ്മ അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയി ചടങ്ങുകള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന്  വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ 2.30ഓടെ പൊലീസാണ് മൃതദേഹം സംസ്കരിച്ചത്

ഹാഥ്റാസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി സംസ്കരിച്ചതാണെന്ന ആരോപണം ശക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനോട് യാചിക്കുന്ന ദൃശ്യങ്ങളാണ് എന്‍ഡി ടി വി പുറത്ത് വിട്ടത്. മൃതദേഹം പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയി ചടങ്ങുകള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വീട്ടുകാരുടെ ചിത്രങ്ങളാണ് എന്‍ഡി ടിവി പുറത്ത് വിട്ടത്. 

മൃതദേഹം കൊണ്ടുപോകരുതെന്ന യാചനയുമായി ആംബുലന്‍സിന് മുന്നില്‍ വീണ് യാചിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവുമാണ് ചിത്രത്തിലുള്ളതെന്നാണ് എന്‍ഡി ടിവി വ്യക്തമാക്കുന്നത്. നെഞ്ചത്തടിച്ച് റോഡില്‍ ഇരുന്ന് മകളുടെ മൃതദേഹം വിട്ട് കിട്ടാനായി പൊലീസിനോട് യാചിക്കുന്ന സ്ത്രീകളുടെ ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. നിരവധി തവണ ഇവര്‍ പൊലീസിനെ മൃതദേഹം കൊണ്ടുപോവുന്നതില്‍ നിന്ന് തടസപ്പെടുത്തുന്നുണ്ട്. ആരെയും അടുത്ത് പോകാന്‍ അനുവദിക്കാതെ പുലര്‍ച്ചെ 2.30ഓടെയാണ് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. കുടുംബാംഗങ്ങളേയും ബന്ധുക്കളേയും വീട്ടില്‍ അടച്ചിട്ട ശേഷമായിരുന്നു സംസ്കാരചടങ്ങെന്നും ആരോപണമുണ്ട്. 

സെപ്തംബര്‍ 14 ന് ഉത്തര്‍പ്രദേശിലെ ഹാഥ്റാസില്‍ നിന്ന് നാലുപേര്‍ തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടി സമാനതകളില്ലാത്ത പീഡനമാണ് നേരിട്ടത്. ബലാത്സംഗത്തിനിടെ നാക്ക് മുറിച്ചെടുത്ത നിലയിലും കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ശരീരഭാഗങ്ങളില്‍ നിരവധി ഓടിവുകളുമുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്തലുണ്ടാക്കിയ മാരക മുറിവിനേ തുടര്‍ന്ന് ശരീരം തളര്‍ന്ന അവസ്ഥയിലും ശ്വസിക്കാന്‍ ഉപകരണങ്ങളുടെ സഹായം വേണ്ട നിലയിലുമായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ നാടകം എന്നായിരുന്നു പൊലീസുകാര്‍ പ്രതികരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ മൃതദേഹം സംസ്കാരിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് ഹാഥ്റാസ് പൊലീസ് പറയുന്നത്.