ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുൻപ് വീട്ടില്‍ വന്ന് തിരിച്ച് പോയ അഭിനന്ദന്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലായതിന്‍റെ ഞെട്ടലിലാണ് സ്വദേശമായ മാടമ്പാക്കത്തെ പ്രദേശവാസികള്‍. 

ദക്ഷിണമേഖല സൈനിക ക്യാമ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്‍റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എയര്‍മാര്‍ഷലും നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്‍റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന്‍ വര്‍ധമാന്‍. 

കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്‍ധമാന്‍. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡ്. മിഗ് യുദ്ധവിമാനങ്ങളുടെ വിദഗ്ധനായ അച്ഛന്‍റെ പാതയാണ് മകന്‍ അഭിനന്ദനും പിന്തുടര്‍ന്നത്. 

ഡോക്ടറായ അമ്മ ശോഭയുടേയോ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയായ സഹദോരിയുടേയോ പാത പിന്തുടരാന്‍ അഭിനന്ദന്‍ താല്‍പര്യപ്പെട്ടില്ല. ബംഗളൂരുവിലും ദില്ലിയിലുമായുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക്, തുടര്‍ന്ന് വ്യോമസേനയിലേക്കും. കാഞ്ചീപുരം സ്വദേശിയായ വര്‍ധമാന്‍ ആറ് വര്‍ഷം മുമ്പാണ് ചെന്നൈയിലെ മാടമ്പക്കത്തെ ഡിഫന്‍സ് അപ്പാര്‍ട്ട്മെന്‍റിലേക്ക് താമസം മാറിയത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം അഭിനന്ദന്‍ നാട്ടില്‍ വന്ന് പോയത്.

അഭിനന്ദനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ സ്വദേശിനിയായ അഭിനന്ദന്‍റെ ഭാര്യയും വ്യോമസേന പൈലറ്റ് ആയിരുന്നു. വസതിയിലേക്ക് എത്തുന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും മകന്‍ തിരിച്ചുവരുമെന്നും അഭിമാനമാണെന്നും ഉറച്ച് പറയുന്നു വര്‍ത്തമാനും കുടുംബവും.