തിരുവനന്തപുരത്ത് എംഡിഎംഎ കടത്ത് കേസിൽ പിടിയിലായ 4 പേരിൽ നിന്ന് കൂടുതൽ ലഹരിമരുന്ന് കണ്ടെടുത്തു. പോലീസിനെ ഭയന്ന് വഴിയിൽ ഉപേക്ഷിച്ച 133 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇതോടെ സംഘത്തിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ ആകെ അളവ് 308 ഗ്രാമായി.

തിരുവനന്തപുരം: എംഡിഎംഎ കടത്ത് കേസിൽ പിടിയിലായ 4 പേർ പൊലീസിനെ ഭയന്ന് വഴിയിൽ ഉപേക്ഷിച്ച എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 175 ഗ്രാം എംഡിഎംഎയുമായി പൊലീസ് ഒരു സംഘത്തെ പിടികൂടിയത്. പൊലീസിനെ ഭയന്ന് സംഘം 133 ഗ്രാം എംഡിഎംഎ പാറശാലയ്ക്ക് സമീപത്ത് സ്വകാര്യഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത് കൂടി പിടിച്ചെടുത്തതോടെ സംഘത്തില്‍നിന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് 308 ഗ്രാമായി. 

ചൊവ്വാഴ്ച ബെംഗളൂരുവില്‍നിന്ന് എംഡിഎംഎയുമായി എത്തിയ സംഘത്തെ പാറശാലക്ക് സമീപം ചെറുവാരക്കോണത്ത് വച്ചാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ചടയമംഗലം മത്തനാട് ചരുവിള പുത്തൻ വീട്ടിൽ ഷെമി (32) കണിയാപുരം ചിറ്റാറ്റുമുക്ക് ജഹമി മൺസിലിൽ മുഹമ്മദ്‌കൽഫാൻ (24), ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം ആഷിക് (20), അൽഅമിൻ (23) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ചെങ്കവിളയിൽ വെച്ച് കാർ തടഞ്ഞ്‌ പരിശോധിച്ചപ്പോൾ ഷെമിയുടെ പക്കൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ടാക്സി കാറിൽ യാത്ര ചെയ്‌ത്‌ സംഘം ബെംഗളൂരുവിൽ നിന്ന് ലഹരി വാങ്ങി കൊണ്ടുവരുകയായിരുന്നു. ആറ്റിങ്ങൽ കേന്ദ്രമായി രാസ ലഹരി വിൽപ്പന സംഘത്തിയിൽപ്പെട്ടവരായിരുന്നു പ്രതികൾ. ആദ്യം നടത്തിയ പരിശോധനയില്‍ സംഘത്തിലുണ്ടായിരുന്ന ഷെമിയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 175 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ ബെംഗളൂരുവിലെ കച്ചവടക്കാരന് ഓണ്‍ലൈന്‍ വഴി കൈമാറിയ തുകയും പിടികൂടിയ അളവും തമ്മില്‍ വലിയ വ്യത്യാസം മനസിലാക്കി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വകാര്യഭൂമിയില്‍ ഉപേക്ഷിച്ച എംഡിഎംഎയെപ്പറ്റി പ്രതി സമ്മതിച്ചത്.

അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിന്തുടരുന്നതായി സംശയം തോന്നിയ സംഘം പൊലീസ് പിടികൂടുന്നതിന് തൊട്ട് മുന്‍പെ കൈവശമുണ്ടായിരുന്ന 133 ഗ്രാം റോഡരികിലെ സ്വകാര്യഭൂമിയിലേക്ക് വലിച്ചെറിഞ്ഞതായി മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 133 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. കാർ വാടകക്ക് എടുത്ത് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്‍റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പരിശോധനകളില്‍ നിന്നും ഇവർ രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം , കൊല്ലം ജില്ലകളിലും ഇവർ ചില്ലറ വിൽപ്പന നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.