ചെന്നൈ: നിനച്ചിരിക്കാതെ ദുരന്തം മകളുടെ ജീവന്‍ കവര്‍ന്നതിന്‍റെ വേദനയിലാണ് ചെന്നൈയില്‍ ഫ്ലക്സ് വീണ് മരിച്ച ശുഭശ്രീയുടെ കുടുംബം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഏക മകളെ നഷ്ടമായതിന് കാരണമെന്ന് കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടി കാര്യക്ഷമമല്ലെന്നും നിയമപോരാട്ടം തുടരുമെന്നും ശുഭശ്രീയുടെ അച്ഛൻ രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കാനഡയിലെ ഉപരിപഠനം ആയിരുന്നു സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായിരുന്നു ശുഭശ്രീയുടെ മനസ്സുനിറയെ. ഇതിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു ശുഭശ്രീ. ഐഎല്‍ടിഎസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശുഭയുടെ ജീവനെടുക്കാനായി ഒരു ഫ്ലക്സ് സ്കൂട്ടറിന് മുകളിൽ വീണത്. ഇരുചക്രവാഹനത്തിലായിരുന്നു യാത്ര. ഫ്ലക്സ് പൊട്ടി തലയിലേക്ക് വീഴുകയും പിന്നാലെ വന്ന ടാങ്കർ സ്കൂട്ടറിലിടിക്കുകയും ചെയ്താണ് ശുഭശ്രീ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ശുഭശ്രീ ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും നിലവിലെ മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നുവീണത്. അണ്ണാ ഡി എംകെ നേതാവ് ജയഗോപാലിന്‍റെ മകന്‍റെ വിവാഹപരസ്യമായിരുന്നു  ഫ്ലക്സ് ബോര്‍ഡ്.

ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഡറിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചത്. സംഭവത്തിൽ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് അണ്ണാഡി എംകെ നേതാവ് ജയഗോപാലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് മടിക്കുകയാണെന്ന് ശുഭശ്രീയുടെ പിതാവ് കുറ്റപ്പെടുത്തി. തങ്ങളുടെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഫ്ലക്സുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറ‍ഞ്ഞു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് രവി.

സംഭവത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് കോടതി വിമർശിച്ചു. വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചു. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കോടതി പൊലീസിനോടും കോർപ്പറേഷൻ അധികൃതരോടും നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിൽ അധികൃതർ മുട്ടുമടക്കുകയാണെന്നും കോടതി വിമർശനമുന്നയിച്ചു.

ഇതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ലക്സുകൾ ചെന്നൈയില്‍ നിന്ന് മാറ്റി. അനധികൃത ബാനറുകള്‍ മാറ്റാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്കാണ് ചുമതല. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്‍റ് ചെയ്ത് നല്‍കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ബാനറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പറുകളും തുറന്നിട്ടുണ്ട്.

കോടതി വിമർശനത്തിന് പിന്നാലെ പൊതുയോഗങ്ങളിൽ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തകർ ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പത്രക്കുറിപ്പ് ഇറക്കി. ഇതുകൂടാതെ ഫ്ലക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആവസ്യപ്പെട്ട് ചലച്ചിത്രത്താരങ്ങളും രം​ഗത്തെത്തി. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ നിര്‍ദ്ദേശിച്ചു.