ഭോപ്പാൽ: വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസ്സിക പീഡനം സഹിക്കാതെ മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ മുനേന്ദ്ര രാജ്പുത്ത് ആത്മഹത്യ ചെയ്തത്. മൃതദേഹം സർക്കാരിന് നൽകണമെന്നും ശരീരത്തിന്റെ ഓരോ ഭാ​ഗങ്ങളായി വിറ്റ് കടം തീർക്കണമെന്നുമാണ് പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് 87000 രൂപ കുടിശ്ശിക വരുത്തിയതിന് മുനേന്ദ്രയുടെ ഫ്ലോർ മില്ലും മോട്ടോർ സൈക്കിളും ജപ്തി ചെയ്തിരുന്നു.

''വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും കോടികളുടെ അഴിമതി നടത്തുന്നു, അവർക്കെതിരെ നടപടിയില്ല. അവർ വായ്പയെടുത്താൽ തിരിച്ചടയ്ക്കാൻ ധാരാളം സമയം നൽകുന്നു. അല്ലെങ്കിൽ വായ്പ എഴുതി തള്ളുന്നു. പക്ഷേ പാവപ്പെട്ടവർ ചെറിയ തുക വായ്പയെടുത്താൽ എന്തുകൊണ്ട് തിരിച്ചടയ്ക്കാൻ പറ്റുന്നില്ലെന്ന് സർക്കാർ ചോദിക്കുന്നില്ല. പകരം പൊതുനിരത്തിൽ അപമാനിക്കുന്നു..'' - കർഷകൻ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ മുനേന്ദ്രയുടെ വിളകൾ നശിച്ചുപോയി. പിന്നീട് 87000 രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കി നോട്ടീസ് ലഭിച്ചുവെന്നും മുനേന്ദ്രയുടെ കുടുംബം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.