ജയ്പൂർ: രണ്ട് മാസത്തെ കറണ്ട് ബില്ല് കണ്ട് അമ്പരന്ന് കർഷകൻ. ഉദയ്​പൂരിലെ ജിങ്കലാ ഗ്രാമത്തിലാണ് സംഭവം. കർഷകനായ പേമാരാം ​പട്ടേലിനാണ് 3.71 കോടി രൂപയുടെ കറണ്ട് ബിൽ വന്നത്. രണ്ട് മാസത്തിനുള്ളിൽ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലിൽ പറയുന്നു.

പട്ടേൽ തന്റെ കെട്ടിടം ഓട്ടോ സർവീസ്​ സെന്റർ നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെയാണ് വൻ തുക കറണ്ട് ബിൽ വന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അജ്​മീർ വിദ്യുത്​ വിതരണ്‍ നിഗം ലിമിറ്റഡാണ്​ ബിൽ നൽകിയത്​. 

ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാറിന്റെ ഇ-ഗവേൺസ്​ സെന്ററായ ഇ-മിത്രയിലെത്തി പട്ടേൽ പരിശോധന നടത്തി. പ്രിന്റിം​ഗിൽ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ ഇ-മിത്രയിൽവെച്ച്​ ബിൽ 6,414 രൂപയാക്കി കുറച്ച്​ കൊടുക്കുകയും ചെയ്തു. ശേഷം തുക അടച്ച് വീട്ടിലേക്ക് മടങ്ങിയെന്നും പട്ടേൽ അറിയിച്ചു. 

അതേസമയം, സംഭവത്തിന്റെ വാർത്തയും ബില്ലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വൈദ്യുതി വകുപ്പിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.