ദില്ലി: കൊവിഡിനേക്കാൾ ഭീഷണിയാണ് പുതിയ കാർഷിക നിയമമെന്ന് കർഷകർ. സാമൂഹിക അകലമില്ലാതെ കർഷകർ പ്രതിഷേധിക്കുന്നത് വഴി കൊവിഡ് വ്യാപിച്ചേക്കുമെന്നുള്ള വിമർശനത്തിന് മറുപടി നൽകുകയായിരുന്നു കർഷകർ. കാർഷിക നിയമത്തിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്ക് മാർച്ച് ചെയ്തെത്തിയ കർഷകർ തലസ്ഥാനത്ത് ഒത്തുചേർന്നിരിക്കുകയാണ്. 

തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കിച്ചില്ലെങ്കിൽ ദില്ലി സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പ് കർഷകർ കേന്ദ്രസർക്കാരിന് നൽകി കഴിഞ്ഞു. ഇനിയും ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ തങ്ങളുടെ മക്കളും പേരക്കുട്ടികളും റോഡിലേക്കിറങ്ങുമെന്ന കർഷകർ അറിയിച്ചിരുന്നു.

പ്രതിഷേധം കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധാഭിപ്രായം. എന്നാൽ നരേന്ദ്രമോ​ദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ തങ്ങളുടെ ജീവിതത്തിന് ഭീഷണിയാണെന്നും കൊവിഡിനേക്കാൾ ഭീഷണിയാണ് ഈ നിയമങ്ങളെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ജോ​ഗീന്ദർ സിം​ഗ് ഉ​ഗ്രഹൻ പറഞ്ഞു.