തെലങ്കാന: വെറും 3 രൂപ 46 പൈസ വായ്പ കുടിശ്ശിക അടയ്ക്കാൻ കർഷകന് നടക്കേണ്ടി വന്നത് 15 കിലോമീറ്റർ. കർണാടകയിലെ ഷിമോ​ഗ ജില്ലയിലെ ബാരൂവ് ​ഗ്രാമത്തിലെ ചെറുകിട കർഷകനായ ആമേദ ലക്ഷ്മിനാരായണയ്ക്കാണ് വളരെ ചെറിയൊരു തുകയ്ക്കായി ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നത്. തൊട്ടടുത്ത ​​ഗ്രാമമായ നിറ്റൂരിലെ കാനറ ബാങ്കിൽ നിന്നാണ് എത്രയും വേ​ഗം കുടിശ്ശിക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തെ വിളിച്ചത്. കൂടുതൽ വിവരങ്ങളൊന്നും അവർ അറിയിച്ചില്ല.

പരിഭ്രാന്തനായ ലക്ഷ്മിനാരായണ 15 കിലോമീറ്റർ ദൂരം നടന്നാണ് ബാങ്കിലെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ​വാഹന സൗകര്യങ്ങളില്ലായിരുന്നു. ബാങ്കിലെത്തിയപ്പോഴാണ് തുച്ഛമായ 3 രൂപ 46 പൈസയാണ് അടക്കേണ്ടിയിരുന്നതെന്ന് ബാങ്ക് അധികൃതർ ഇദ്ദേഹത്തെ അറിയിച്ചത്. തുക കേട്ട് ഞെട്ടിയ കർഷകൻ അപ്പോൾ തന്നെ കുടിശ്ശിക അടച്ചു. 

35000 രൂപയുടെ കാർഷിക വായ്പയാണ് ഇദ്ദേഹം എടുത്തിരുന്നത്. അതിൽ 32000 രൂപ സർക്കാർ എഴുതി തള്ളിയിരുന്നു. അവേശേഷിച്ച 3000 രൂപ കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ അടച്ചിരുന്നു. ''ബാങ്ക് അടിയന്തിരമായി എത്താൻ പറഞ്ഞപ്പോൾ ഞാൻ പരിഭ്രമിച്ചു. ലോക്ക് ഡൗണായതിനാൽ ബസ് സർവ്വീസില്ല. വാഹനമായി സൈക്കിൾ പോലുമില്ല. കാൽനടയായി ബാങ്കിലെത്തിയാണ് അവശേഷിക്കുന്ന തുകയായ 3 രൂപ 46 പൈസ് അടച്ചത്. ബാങ്കിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തി എന്നെ വളരെയധികം വേദനിപ്പിച്ചു.'' അദ്ദേഹം പറഞ്ഞു.

എന്നാൽ ബ്രാഞ്ചിൽ ഓഡിറ്റിം​ഗ് നടക്കുകയാണെന്നും വായ്പ പുതുക്കുന്നതിന് 3.46 പൈസ അടക്കേണ്ടതുണ്ടായിരുന്നുവെന്നും ബാങ്ക് മാനേജർ എൽ  പി പിം​ഗ്വ പറഞ്ഞു. കൂടാതെ അയാളുടെ ഒപ്പിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും മാനോജർ കൂട്ടിച്ചേർക്കുന്നു. വാർത്ത വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ബാങ്കിന്റെ പ്രവർത്തിയെ പലരും അപലപിച്ചിരുന്നു. കാരണം എന്ത് തന്നെയായിരുന്നാലും 15 കിലോമീറ്റർ ​ദൂരം നടക്കാൻ അദ്ദേഹത്തെ നിർബന്ധിക്കേണ്ടിയിരുന്നില്ല എന്നാണ് മിക്കവരുടെയും പ്രതികരണം.