ദില്ലി-ഹരിയാന അതിർത്തിയിലെ സിംൻഘുവിലാണ് കഴിഞ്ഞ ദിവസം ഡിജെ സിസ്റ്റം ഘടിപ്പിച്ച ട്രാക്റ്റർ എത്തിയത്. 

ദില്ലി: കാർ‌ഷിക നിയമത്തിനെതിരെ ദിവസങ്ങളായി ആയിരക്കണക്കിന് കർഷകരാണ് ദില്ലി അതിർത്തികളിലായി പ്രതിഷേധിക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിന് നിറം നൽകാൻ സം​ഗീതം ചേർത്ത് വച്ച് ആഘോഷിക്കുകയാണ് ഇവർ. ട്രാക്റ്ററിൽ ഡിജെ സിറ്റം ഘടിപ്പിച്ചാണ് പാട്ടുകൾ വയ്ക്കുന്നത്. കൃഷിയെ ഉപജീവനമാർ​ഗമായി സ്വീകരിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കർഷകരാണ് രാപ്പകലില്ലാതെ തെരുവിൽ പ്രതിഷേധിക്കുന്നത്. 

ദില്ലി-ഹരിയാന അതിർത്തിയിലെ സിംൻഘുവിലാണ് കഴിഞ്ഞ ദിവസം ഡിജെ സിസ്റ്റം ഘടിപ്പിച്ച ട്രാക്റ്റർ എത്തിയത്. റേഷൻ സാധനങ്ങൾ, വൈദ്യസഹായങ്ങൾ, സാനിറ്ററി വസ്തുക്കൾ തുടങ്ങിയവ ട്രാക്റ്ററിൽ ശേഖരിച്ചുവച്ചാണ് കർഷകർ അതിർത്തിയിൽ കഴിയുന്നത്. 

കുറച്ച് ദിവസമായി ഇവിടെയുണ്ട്. യാതൊരുവിധ ആഘോഷവും ഇവിടെയില്ല. ഞങ്ങൾക്ക് അപ്പോഴാണ് ഡിജെ സിസ്റ്റം ഘടിപ്പിച്ച ട്രാക്ടർ കിട്ടിയത് - കർഷകരിലൊരാൾ എഎൻഐയോട് പറഞ്ഞു. ചുവപ്പും നീലയും നിറമുള്ള ലൈറ്റുകൾ ഘടിപ്പിച്ച ട്രാക്റ്ററിന് മുന്നിൽ നിന്ന് നൃത്തം ചെയ്യുന്ന കർഷകരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.