ദില്ലി: സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരേണ്ടതില്ലെന്ന് കർഷകർക്ക് നിയമോപദേശം ലഭിച്ചു. ഷഹീൻബാഗ് സമരത്തിൽ ഉണ്ടായതുപോലെയുള്ള അനുഭവം സുപ്രീം കോടതിയിൽ കക്ഷി ചേർന്നാൽ ഉണ്ടാകുമെന്നും നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഈ വിഷയം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും.

കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.

ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്  പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ദില്ലി -ആഗ്ര, ദില്ലി - രാജസ്ഥാൻ ദേശീയപാത ഉപരോധവും,  തിക്രി, ഗാസിപൂർ ജില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.

കൊവിഡിന് പുറമേ മറ്റ് പകർച്ചവ്യാധികൾ സമരക്കാർക്കിടയിൽ പടരാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണ് ആരോഗ്യപ്രവർത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സമരത്തിനിടെ ഇതുവരെ 33 കര്‍ഷകരാണ് മരണപ്പെട്ടത്. ജീവത്യാഗം ചെയ്ത കര്‍ഷകര്‍ക്ക് ഇന്ന് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ആദരാജ്ഞലി അർപ്പിക്കും.