Asianet News MalayalamAsianet News Malayalam

'തിങ്കളാഴ്ചത്തെ ചർച്ചയിലും വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരവഴി മാറും', കർഷകർ

കനത്ത മഴയെ തുടര്‍ന്ന് സിംഗുവിലെ സമരവേദിയിൽ നിന്ന് കര്‍ഷകര്‍ മാറി. പിന്നീട് തിരിച്ചെത്തി. ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്‍ഷകൻ കൂടി തണുപ്പുമൂലം മരിച്ചു.

farmers protest 38th day farmers organisations joint press meet
Author
New Delhi, First Published Jan 2, 2021, 1:00 PM IST

ദില്ലി: തിങ്കളാഴ്ചത്തെ ചര്‍ച്ചയിലും കേന്ദ്രം നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ  കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് സിംഗുവിലെ സമരവേദിയിൽ നിന്ന് കര്‍ഷകര്‍ മാറി. ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്‍ഷകൻ കൂടി തണുപ്പ് മൂലം മരിച്ചു.

നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി നിയമം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽ തീരുമാനമാകാതെ മടക്കമില്ലെന്ന് മുപ്പത്തിയെട്ടാം ദിനത്തിലും കര്‍ഷകര്‍ പ്രഖ്യാപിക്കുന്നു. തണുപ്പിനൊപ്പം ഇന്ന് മഴകൂടി പെയ്തതോടെ ദില്ലിയിലെ താപനില കുത്തനെ താണു. മഴയെ തുടര്‍ന്ന് സിംഗുവിലെ സമരസ്ഥലത്തുനിന്ന് കര്‍ഷകര്‍ അൽപസമയം മാറിനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. 

സർക്കാർ അഹങ്കാരം വെടിയണമെന്ന് കർഷക നേതാക്കൾ അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലാം തീയതി സർക്കാരിൽ നിന്നും അഞ്ചാം തീയതി സുപ്രീംകോടതിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ആറിന് ദില്ലിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തും. ട്രാക്ടർ ഇല്ലാത്ത ഇടങ്ങളിൽ മറ്റ് വാഹനങ്ങൾ ഉപയോഗിച്ചും പരേഡ് നടത്തുമെന്നും കർഷകസംഘടനാനേതാക്കൾ പറയുന്നു. 

നാലാം തീയതി നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങും. ഹരിയാനയിലെ പൽവലിൽ നിന്ന് ദില്ലിയിലേക്ക് ആറാം തിയതി ട്രാക്ടര്‍ മാര്‍ച്ച് നടത്തും. രാജസ്ഥാൻ- ഹരിയാന അതിര്‍ത്തിയിൽ ഇപ്പോൾ തുടരുന്ന കര്‍ഷകര്‍ കൂടി ദില്ലിയിലേക്ക് നീങ്ങും. ദില്ലി അതിര്‍ത്തികളിൽ നിന്ന് റിപ്പബ്ളിക് ദിനത്തിന് മുമ്പ് ദില്ലിക്കുള്ളിലേക്ക് കടക്കും. അങ്ങനെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന അടുത്തഘട്ട സമരപ്രഖ്യാപനങ്ങളാണ് കര്‍ഷക സംഘടനകൾ നടത്തുന്നത്.

തണുപ്പുമൂലം ഇന്നലെ 57-കാരനായ ഒരു കര്‍ഷൻ കൂടി മരിച്ചിരുന്നു. കൊടുതണുപ്പിൽ റോഡിൽ കിടന്ന് കര്‍ഷകര്‍ മരിക്കുന്നതിന്‍റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കര്‍ഷക സംഘടനകൾ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios