ദില്ലി: കാര്‍ഷിക ബില്ലുകൾക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും തെരുവിലിറങ്ങി കര്‍ഷകര്‍. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പാതകള്‍ ഉപരോധിച്ചും ട്രെയിനുകൾ തടഞ്ഞും കര്‍ഷകര്‍ പ്രതിഷേധിച്ചു. ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകൾ അതിര്‍ത്തികളിൽ പൊലീസ് തടഞ്ഞു. അതേസമയം കര്‍ഷകരെ ഏറ്റവും അധികം സഹായിച്ചത് ബിജെപിയും എൻഡിഎയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തിൽ സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കര്‍ഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്‍റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശിൽ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയിൽ പൊലീസ് തടഞ്ഞു. 

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഡ് , തമിഴ്നാട്, കര്‍ണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകൾ സംയുക്തമായി റോഡുകൾ ഉപരോധിച്ചു. ബീഹാറിൽ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ റാലി നടന്നു. ട്രാക്ടറോടിച്ചാണ് തേജസ്വി യാദവ് റാലി നയിച്ചത്. കാര്‍ഷിക ബില്ലുകൾ കീറിയെറിഞ്ഞായിരുന്നു ദില്ലിയിൽ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ പ്രതിഷേധം.

കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28ന് കോണ്‍ഗ്രസിന്‍റെ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടക്കും. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.