കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടെയുള്ളവരോട് ഇന്ന് എന്‍ഐഎ ഹെഡ് ക്വട്ടേഴ്‌സില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക്. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടെയുള്ളവരോട് ഇന്ന് എന്‍ഐഎ ഹെഡ് ക്വട്ടേഴ്‌സില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സിര്‍സ വ്യക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്ത്‌വന്ത് സിങ് പന്നുവിനെതിരായ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. 

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിഖ് ഫോര്‍ ജസ്റ്റിസിനെതിരെ ഖാലിസ്ഥാന്‍ ബന്ധം ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന എന്‍ഐഎ, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസിന് വിദേശത്തുനിന്ന് പണം വന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ചു സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കര്‍ഷക നേതാക്കളുടെ പ്രതികരണം. അതെ സമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയെ സംബന്ധിച്ചുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഇന്ന് സിംഘുവില്‍ യോഗം ചേരും.