ദില്ലി: കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ചർച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാൻ സമിതി അറിയിച്ചു. ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോയെന്നതിൽ തീരുമാനമെടുക്കാൻ കർഷക സംഘടനകൾ രാവിലെ യോഗം ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ്  കേന്ദ്രം യോഗം വിളിച്ചത്. 

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമായതോടെയാണ്  അമിത് ഷാ തന്നെയാണ് അനുനയ നീക്കം ആരംഭിച്ചത്. 

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.